നാദിര്‍ഷയുടെ മകളുടെ സ്വര്‍ണവും വസ്ത്രവും അടങ്ങിയ ബാഗ് എങ്ങനെയാണ് നഷ്ടമായത്? സംഭവിച്ചതെന്ത്?

Updated: Saturday, February 13, 2021, 12:57 [IST]

നാദിര്‍ഷയുടെ മകളുടെ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നുവെച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.നടനും സംവിധായകനുമായ നാദിര്‍ഷ ബാഗ് തിരിച്ചു കിട്ടിയ വിവരവും പങ്കുവെച്ചിരുന്നു.  കഴിഞ്ഞ ദിവസം ആയിരുന്ന നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം നടന്നത്. വിവാഹനിശ്ചയവും, വിവാഹവും റിസപ്ഷനുമെല്ലാം ഗംഭീരമായാണ് നടത്തിയത്. ദിലീപും കുടുംബവുമായിരുന്നു ചടങ്ങില്‍ തിളങ്ങിയത്. മീനാക്ഷി ദിലീപിന്റെ ഡാന്‍സും ശ്രദ്ധേയമായിരുന്നു.

കാസര്‍കോട് വെച്ച് നടന്ന ചടങ്ങുകളില്‍ നാദിര്‍ഷയും കുടുംബവും ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി മറന്നുവെച്ചത്. സമയോചിത ഇടപെടലിലൂടെയാണ് പെട്ടി തിരികെ കിട്ടിയത്. വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിര്‍ഷയും കുടുംബവും മലബാര്‍ എക്സ്പ്രസില്‍ കാസര്‍ഗോഡ് എത്തിയത്.

 

തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയില്‍ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. ബാഗ് മറന്നുവെന്ന് മനസിലായ ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ നാദിര്‍ഷ വിവരം അറിയിച്ചു. എ വണ്‍ കോച്ചിലായിരുന്നു ബാഗ്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ ട്രെയിന്‍ കോച്ച് പരിശോധിക്കുകയായിരുന്നു.

 

നാല്‍പ്പത്തിയൊന്നാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി. ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. ട്രെയിന്‍ മംഗലാപുരം എത്തിയപ്പോള്‍ റോഡ് മുഖാന്തരം എത്തിയ നാദിര്‍ഷായുടെ ബന്ധുവിലൊരാള്‍ക്ക് ഉദോഗസ്ഥര്‍ സ്വര്‍ണവും വസ്ത്രങ്ങളുമടങ്ങിയ ബാഗ് തിരികെ ഏല്പിച്ചു.റെയില്‍വേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലാണ് നഷ്ടമായ ബാഗ് നാദിര്ഷാക്ക് തിരികെ ലഭിച്ചത്.ഇതിനുവേണ്ടി സഹായിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും നാദിര്‍ഷ നന്ദി അറിയിച്ചിരുന്നു. 

 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു ഐഷയുടെ വിവാഹ നിശ്ചയം. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും പ്രമുഖ വ്യവസായിയുമായ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ബിലാല്‍ ആണ് ആയിഷയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.