സിനിമയില്‍ വന്നതുകൊണ്ട് അവരെന്നെ ഇപ്പോള്‍ ജോലിക്ക് എടുക്കില്ല, ചീത്ത പറയും: സച്ചിയേട്ടന്റെ നഞ്ചിയമ്മ പറയുന്നു
Updated: Monday, February 1, 2021, 10:00 [IST]

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയെയും നഞ്ചിയമ്മയുടെ പാട്ടും ഹിറ്റാകുന്നത്. കലക്കാത്ത എന്നു തുടങ്ങുന്ന നഞ്ചിയമ്മയുടെ പാട്ട് മലയാളികളുടെ നാവിന് തുമ്പത്ത് എന്നുമുണ്ട്. അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ സംവിധായകന് സച്ചിയുടെ പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് നഞ്ചിയമ്മയ്ക്കും സഹിക്കാനാകാവുന്നതിനപ്പുറമായിരുന്നു. സച്ചിയുടെ മൃതദേഹത്തിനുമുന്നില്‍ കൈകൂപ്പി നിന്ന് പൊട്ടിക്കരഞ്ഞ നഞ്ചിയമ്മയെ മലയാളികള്‍ കണ്ടതാണ്.

പടം ഹിറ്റായതോടുകൂടി നഞ്ചിയമ്മയുടെ മാര്‍ക്കറ്റും കൂടി. അയ്യപ്പനും കോശിക്കും ശേഷം ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്നതിന് മുമ്പ് ഇത്ര പൈസ വേണമെന്ന് പറയും എന്ന് തുറന്നു പറയുകയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയിലും അഭിനയിച്ചതിന് 50000 രൂപ കിട്ടി. ഇപ്പോള്‍ ഓരോ പരിപാടിക്കൊക്കെ വിളിച്ചാല്‍ ആയിരമോ രണ്ടായിരമോ കിട്ടുമെന്നും നഞ്ചിയമ്മ പറയുന്നു.
തന്റെ പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയുമൊക്കെ മറന്ന് വേണം അഭിനയിക്കാന്‍ പോവാന്‍. ഇപ്പോള്‍ പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസ അനുസരിച്ച് സാധനങ്ങള്‍ വാങ്ങും. അരി ഗവണ്മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ എന്നും നഞ്ചിയമ്മ പറയുന്നു.

പണ്ട് തൊഴിലുറപ്പ് പണിയ്ക്ക് പോവുമായിരുന്നു. എന്നാല്‍ സിനിമയില്‍ വന്നതുകൊണ്ട് അവരെന്നെ ഇപ്പോള്‍ ജോലിക്ക് എടുക്കില്ല. 'നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്ത പറയും' എന്ന് അവര്‍ പറയും. അങ്ങനെ ആ പണി പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും എന്ന് നഞ്ചിയമ്മ പറയുന്നു.
ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. അത്തരത്തിലുള്ള പാട്ടായിരുന്നു നഞ്ചിയമ്മയുടെ കലക്കാത്ത എന്നു തുടങ്ങുന്ന ഗാനം. സിനിമ നടനായ ആദിവാസി കലാകാരന് പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചിയമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ പാടുന്നത്.