അമാലിനെ കെട്ടിപിടിച്ച് നസ്രിയ, റൗഡികളെന്ന് ദുല്‍ഖര്‍ സല്‍മാന്‍

Updated: Friday, February 5, 2021, 12:00 [IST]

ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാലിന്റെയും നടി നസ്രിയ നസിമിന്റെ ഏറ്റവും പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലാതെ അടിച്ചുപൊളിക്കുകയാണ് ഇരുവരും. അമാലിനെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോട്ടോവിന് ദുല്‍ഖറിന്റെ കമന്റുമെത്തി. സഹോദരി എന്ന ക്യാപ്ഷനോടുകൂടിയാണ് നസ്രിയ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍, ഇത് റൗഡികളാണെന്നാണ് ദുല്‍ഖറിന്റെ കമന്റ്.

ഞങ്ങള്‍ ഇവിടെ നീയില്ലാതെ ചില്‍ ചെയ്യുകയാണെന്നാണ് നസ്രിയ മറുപടി നല്‍കിയത്. എത്രയും വേഗം തിരിച്ചെത്തണമെന്നും നസ്രിയ ആവശ്യപ്പെടുന്നു. സിനിമാ തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാനുള്ളത്. ദുല്‍ഖറിന് പകരം അമാലിന് കൂട്ടിരിക്കുകയാണ് നസ്രിയ. ഇരുവരുടെയും കുടുംബങ്ങള്‍ അത്രമാത്രം ക്ലോസാണെന്ന് എല്ലാവര്‍ക്കും അറിയാം.

 

ബാംഗ്ലൂര്‍ ഡെയ്‌സില്‍ ദുല്‍ഖറിന്റെ കുഞ്ചുവായിരുന്നു നസ്രിയ. ജീവിതത്തിലും ദുല്‍ഖര്‍ നസ്രിയ ചേര്‍ത്തു നിര്‍ത്തുന്നത് കുഞ്ചുവായിട്ടാണ്. മലയാള ചലച്ചിത്ര രംഗത്തില്‍ എല്ലാവരുടെയും ചെല്ല കുട്ടിയാണ് നസ്രിയ. മണിയറയിലെ അശോകനിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. അതിഥി വേഷമായിരുന്നെങ്കിലും നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു.

 

അഭിനയ ജീവിതത്തില്‍ നീണ്ട ഒന്‍പത് വര്‍ഷം തികച്ച ദുല്‍ഖര്‍ മലയാളത്തിലെ യങ് സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേര് മകന്‍ ഒട്ടും ചീത്തയാക്കിയില്ല. തമിഴിലും അങ്ങ് ബോളിവുഡിലും തകര്‍ത്തുവാരി താരം. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ അച്ഛന്റെ പാത പിന്തുടര്‍ന്നത്.

 

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കുറുപ്പിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്.

കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസുകളില്‍ ഒന്നായിരുന്നു ചാക്കോ കൊലപാതകം. 1984-ല്‍ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തിയ സുകുമാര കുറുപ്പ് ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച്, ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍നിന്നു ഇന്‍ഷുറന്‍സ് തുകയായ എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സുകുമാര കുറുപ്പിന്റെ ലക്ഷ്യം. ഇതേ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറഞ്ഞുപോകുക.