മോഹന്‍ലാലിനൊപ്പം ബറോസില്‍ പൃഥ്വിരാജും, പ്രതീക്ഷയോടെ മലയാളികളും
Updated: Friday, February 19, 2021, 14:23 [IST]

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുമ്പോള്‍ അഭിനയിക്കാന്‍ പൃഥ്വിരാജും എത്തുന്നു. ബറോസിന്റെ വിശേഷമാണ് ഞാനിന്നിവിടെ പറയുന്നത്. ലൂസിഫറില്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലാലേട്ടന് അഭിനയിച്ചപ്പോള്‍ നേരെ തിരിച്ചും സംഭവിക്കുന്നു. മോഹന്‍ലാലിന്റെ ബറോസില്‍ പൃഥ്വിരാജിന് വേഷമുണ്ടാകുമെന്ന് മലയാളികള്‍ നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുകയാണ് പൃഥ്വിരാജ്.

മാര്‍ച്ചില്‍ ബറോസിന്റെ ഷൂട്ട് കൊച്ചിയില്‍ ആരംഭിക്കും. ഫാന്റസി ത്രീഡി സ്വഭാവമുള്ള ബറോസില്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് ഇന്നലെ ഇട്ട ഫേസ്ബുക്ക് കുറിപ്പിലും സൂചന ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ആ കുറിപ്പ്.

പൃഥ്വിരാജ് ദൃശ്യം ടുവിനെക്കുറിച്ചുളള പോസ്റ്റില്‍ സൂചിപ്പിച്ചത് അങ്ങനെയായിരുന്നു. കൊച്ചിയിലും ഗോവയിലുമായാണ് 'ബറോസ്' ചിത്രീകരിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന് ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന് ഛായാഗ്രഹണവും സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഒരു വര്‍ഷമായി പുരോഗമിക്കുകയാണ്. സെറ്റുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ആറാട്ട് ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ ബറോസിലേക്ക് കടന്നത്. ഇതിനിടെ ബിഗ് ബോസിന്റെ ഷൂട്ടിങിനായി ചെന്നൈയിലും താരത്തിന് പോകേണ്ടതുണ്ട്.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. മൈഡിയര്‍ കുട്ടിച്ചാത്തന് എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു.
ബറോസ് യക്ഷിക്കഥയാണ്, ഒരു ജീനിനെക്കുറിച്ചും നിധിയുടെ സംരക്ഷകനെക്കുറിച്ചും ഒരു പെണ്‍കുട്ടിയെക്കുറിച്ചുമുള്ള കഥയാണ്. മോഹന്‍ലാലിന് നിന്ന് വരുന്ന ചിത്രം എങ്ങനെയായിരിക്കുമെന്നുള്ള ആകാംഷയിലാണ് മലയാളികളും.