ഫോര്‍ട്ട് കൊച്ചി തെരുവുകളിലൂടെ അന്ധനായി പൃഥ്വിരാജ്, കൂടെ കിടിലം നടിയും

Updated: Thursday, January 28, 2021, 15:24 [IST]

ഫോര്‍ട്ട് കൊച്ചിയില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഫോര്‍ട്ട് കൊച്ചി തെരുവുകളിലൂടെ അന്ധനായി പൃഥ്വിരാജ് ഒരു പെണ്ണിന്റെ സക്യൂട്ടിക്ക് പിന്നിലിരുന്ന് യാത്ര ചെയ്യുന്ന ഫോട്ടോയാണ് പുറത്തുവന്നത്. ആരാധകര്‍ പകര്‍ത്തിയ ഫോട്ടോയാണ് വൈറലായത്. കിടിലം പെണ്ണിനെ കണ്ട് മലയാളികള്‍ അമ്പരന്നു. അത് മറ്റാരുമല്ല തെന്നിന്ത്യന്‍ നടി രാശി ഖന്നയാണ്.

ഭ്രമം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  പ്രശസ്ത ഛായാഗ്രാഹകന്‍ രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോളിവുഡില്‍ ഹിറ്റായി മാറിയിരുന്ന അന്ധാദുന്‍ എന്ന ചിത്രത്തിന്റെ റീമേയ്ക്കാണ് ഭ്രമം. ആയുഷ്മാന്‍ ഖുരാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലേയറുടെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ ശ്രീറാം രാഘവനാണ് അന്ധാദുന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

 

രവി.കെ.ചന്ദ്രനാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരും ചിത്രത്തിലുണ്ട്. എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ശരത് ബാലന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജെക്സ് ബിജോയിയുടേതാണ് സംഗീതം.

 

തനു ബാലക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസ്', മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി', ആടുജീവിതം എന്നിവയാണ് അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ പൃഥ്വിരാജ് ചിത്രങ്ങള്‍. പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം 'ജനഗണമന'യുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെലുങ്കിലും തമിഴിലും 'അന്ധാദുന്‍' റീമേക്ക് ഒരുങ്ങുന്നുണ്ട്. തമിഴില്‍ പ്രശാന്ത് ത്യാഗരാജനാണ് നായകന്‍.