ഈ ഇരിപ്പ് ഓക്കെയാണോ സേട്ടാ... ഇരിപ്പ് വിവാദത്തില്‍ പ്രതികരണവുമായി നടി രചന നാരായണന്‍കുട്ടി

Updated: Tuesday, February 9, 2021, 11:58 [IST]

അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങാണ് ഇപ്പോഴത്തെ സംസാര വിഷയം. നടിമാരോട് അവഗണന കാണിക്കുന്നുവെന്നാണ് ആരോപണം. ഉദ്ഘാടന വേളയില്‍ നടന്മാരെല്ലാം സദസ്സില്‍ ഇരിക്കുമ്പോള്‍ നടി ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവരടങ്ങുന്ന സ്ത്രീകള്‍ സൈഡില്‍ നിന്നതാണ് വിവാദമായത്. അവിടെയും അവര്‍ക്ക് ഇരിപ്പിടമില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനം.

നടി പാര്‍വ്വതി തിരുവോത്ത് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച് നടി രചന നാരയണന്‍കുട്ടിയുടെ പോസ്‌റ്റെത്തി. ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് രചന എത്തിയത്. ഹണി റോസും രചനയും കസേരയില്‍ ഇരിക്കുന്നതും മോഹന്‍ലാല്‍ സിദ്ദിഖ് അടക്കമുള്ളവര്‍ ഇവര്‍ക്ക് ചുറ്റും നില്‍ക്കുന്നതുമായ ഫോട്ടോയാണ് രചന ഷെയര്‍ ചെയ്തത്.

 

ഈ ഇരിപ്പ് ഓക്കെയാണോ സേട്ടാ എന്ന തരത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. രചന പറയുന്നതിങ്ങനെ.. ചിലര്‍ അങ്ങനെ ആണ്, എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍ എന്നാണ് രചന കുറിച്ചത്. വിമര്‍ശന ബുദ്ധി നല്ലതാണ്, വേണം താനും. എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി, കഷ്ടം എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍   mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല. മറിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. സെന്‍സ്ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കുവെന്നും രചന പ്രതികരിക്കുന്നു.

 

വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും രചന കുറിക്കുന്നു.

 

അതേസമയം,  ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നുമാണ് ഹണി റോസ് പറഞ്ഞത്. ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നതെന്നും ഹണി വ്യക്തമാക്കിയിരുന്നു. 

 

എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു മെമ്പേഴ്സ് പറഞ്ഞതാണെന്നും ഹണി റോസ് പറയുന്നു. ഉദ്ഘാടനച്ചടങ്ങുകള്‍ക്കിടയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനിടയില്‍ ആകസ്മികമായി ആരോ പകര്‍ത്തിയ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നുമാണ്  ഹണി റോസ് ഇതിനോട് പ്രതികരിച്ചത്.