രാഖി സാവന്തിന്റെ ജീവിതം സിനിമയാകും, ആലിയ ഭട്ട് വേഷം ചെയ്യണമെന്ന് താരം

Updated: Saturday, March 6, 2021, 12:38 [IST]

നടി രാഖി സാവന്തിന്റെ ജീവിതം സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എത്തിയെന്ന് കഴിഞ്ഞ ദിവസമാണ് താരം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഈ താല്‍പര്യം പറഞ്ഞത്. രാഖി പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ് ജാവേദ് അക്തര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനയാത്രക്കിടയില്‍ രാഖി സാവന്തിനെ കണ്ടിരുന്നു. അന്ന് സ്വന്തം ബാല്യകാലത്തെ കുറിച്ചുള്ള രാഖിയുടെ കഥ കേട്ട് എന്നെങ്കിലും ഒരിക്കല്‍ അവരുടെ ജീവിതം താന്‍ തിരക്കഥയാക്കുമെന്ന് പറഞ്ഞിരുന്നതായി ജാവേദ് അക്തര്‍ പറയുന്നു. പ്രശസ്ത തിരക്കഥാകൃത്താണ് ജാവേദ് അക്തര്‍. ഉറുദു കവി, ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

 

ഒരു കാലത്ത് ജാവേദ് അക്തറിന്റെ സിനിമകള്‍ ഹിറ്റുകള്‍ സമ്മാനിച്ചതായിരുന്നു. 1999 ല്‍ പത്മശ്രീയും അഖ്തര്‍ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ച കവിയാണ് ജാവേദ് അക്തര്‍. 2007-ല്‍ പത്മഭൂഷണും ലഭിച്ചു. നടി ശബാനാ ആസ്മിയാണ് ഭാര്യ. സംവിധായകരായ ഫര്‍ഹാന്‍ അക്തറും സോയാ അക്തറും മക്കളാണ്.

 

കൊവിഡിന് മുന്‍പ് ജാവേദ് അക്തറില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും രാഖി പറഞ്ഞിരുന്നു. തന്റെ ബയോപിക് എഴുതാന്‍ താത്പര്യമുണ്ടെന്നും നേരിട്ട് കാണണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്കദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.

 

തന്റെ ജീവിതകഥ സിനിമയാക്കുന്നുണ്ടെങ്കില്‍ ആ വേഷം നടി ആലിയ ഭട്ട് ചെയ്യണമെന്നാണ് രാഖിയുടെ ആഗ്രഹം. ആരെയായിരിക്കും കാസ്റ്റ് ചെയ്യുക എന്ന് തനിക്കറിയില്ല, ഞാന്‍ തന്നെയായിരിക്കുമോ അഭിനയിക്കുക, അതല്ലെങ്കില്‍ ആലിയയോ പ്രിയങ്കയോ ആകുമോ എന്ന് അറിയില്ലെന്നും രാഖി പറയുന്നു. ആലിയ അല്ലെങ്കില്‍ ദീപിക പദുകോണ്‍, കരീന കപൂര്‍, അങ്ങനെ ഏതെങ്കിലും മികച്ച നടിമാരില്‍ ആരെങ്കിലും വേഷമിട്ടാലും മതി. ഇവരെല്ലാം മികച്ച നടിമാരും തനിക്ക് ഏറെ ഇഷ്ടപ്പെട്ടവരാണെന്നും രാഖി പറയുന്നു.