മമ്മൂട്ടിക്കും ലാലേട്ടനുമൊപ്പമുള്ള ഫോട്ടോകള്‍, ബിഗ് ബോസിലെ മത്സരാര്‍ത്ഥി ഋതു മന്ത്ര ചില്ലറക്കാരിയൊന്നുമല്ല
Updated: Tuesday, February 16, 2021, 12:02 [IST]

മോഡലും മിസ് ഇന്ത്യ മത്സരാര്‍ത്ഥിയുമായ ഋതു മന്ത്ര ബിഗ് ബോസ് മലയാളം സീസണ് ത്രീയില്‍ എത്തിയിരിക്കുന്നു. പലര്‍ക്കും ഈ മുഖം പരിചിതമല്ലായിരുന്നു. എന്നാല്‍, ഋതു മന്ത്ര ചില്ലറക്കാരിയൊന്നുമല്ല. സോഷ്യല്‍ മീഡിയ പേജ് എടുത്തു നോക്കിയാല്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകളാണ് നിറഞ്ഞിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവുമൊക്കെ ഋതു മന്ത്രയുടെ ഫോട്ടോകള്‍ കാണാം.

ഭാവന, നിമിഷ സജയന്, പ്രയാഗ മാര്ട്ടിന്, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളും പേജുകളില്‍ കാണാം. നടിയും മോഡലും ഗായികയുമാണ് ഋതു മന്ത്ര. കണ്ണൂര്‍ സ്വദേശിനി കൂടിയാണ്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് ഋതു.

രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെടുകയും അമ്മയുടെ തണലില്‍ വളര്‍ന്നു വരികയും ചെയ്ത കഥയായിരുന്നു ഋതുവിനു പറയാനുണ്ടായിരുന്നത്. പഠിച്ചത് മലയാളം മീഡിയത്തിലായിരുന്നു. ഒട്ടേറെ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത ഋതു മോഡലിംഗിലൂടെയാണ് അറിയപ്പെടുന്നത്. പക്ഷെ ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാലിന് ചോദിക്കാനുണ്ടായിരുന്നത് ഋതുവിന്റെ പേരിനെ കുറിച്ചായിരുന്നു. വളരെ വ്യത്യസ്തമായ പേര് എങ്ങനെയാണ് വിളിക്കേണ്ടത് എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

ലാലേട്ടന് ഇഷ്ടമുള്ളത് വിളിക്കാം എന്നായി ഋതു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഋതു മന്ത്രയുടെ യഥാര്‍ത്ഥ പേരാണ്. മിസ് ഇന്ത്യ മത്സരത്തിലും ഋതു ആ പേരിലാണ് മത്സരിച്ചത്. അന്നത്തെ വാര്‍ത്തകളിലും പോസ്റ്റുകളിലും ഋതുവിന്റെ പേര് മറ്റൊന്നായിരുന്നു. അനുമോള്‍ ആര്. എന്ന പേരിലാണ് ഋതു മിസ് ഇന്ത്യ മത്സരത്തില്‍ എത്തിയത്. പക്ഷെ ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉള്‍പ്പെടെ ഋതു മന്ത്ര എന്നാണ് പേര്.

ഋതുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇപ്പോള്‍ ഫോളോവേഴ്സ് കൂടി കൊണ്ടിരിക്കുകയാണ്. ഷോ ആദ്യ ദിവസം തുടങ്ങുന്നതിന് മുമ്പ് തന്നെ ആര്‍മി ഗ്രൂപ്പുകളൊക്കെ ഋതുവിന്റെ പേരില്‍ തുടങ്ങിയിട്ടുണ്ട് ആരാധകര്‍. ഋതുവിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ഫെബ്രുവരി 13-നാണ് ഋതു അവസാനമായി ഇന്‍സ്റ്റയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

