റോഷനിപ്പോള്‍ നല്ല കാലം, ആലിയഭട്ടിനൊപ്പം ബോളിവുഡില്‍ പ്രധാന വേഷത്തില്‍

Updated: Monday, March 1, 2021, 15:35 [IST]

യുവാക്കളെ അണിനിരത്തി ചിത്രീകരിച്ച ചിത്രമായിരുന്നു ആനന്ദം. ഒട്ടേറെ പുതുമുഖ താരങ്ങളെ ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ചു. എന്നാല്‍, തലവര മാറിയത് റോഷന്‍ മാത്യുവിന്റേതായിരുന്നു. റോഷന്‍ പിന്നീടങ്ങോട്ട് തിളങ്ങുകയായിരുന്നു. ഈ ചുള്ളന്‍ പെട്ടെന്നു തന്നെ ബോളിവുഡിലേക്ക് പറന്നു. വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുകയായിരുന്നു റോഷന്‍ മാത്യു.

ഇപ്പോഴിതാ അടുത്ത ബോളിവുഡ് പടത്തിനെക്കുറിച്ച് പുറത്തുവിട്ടിരിക്കുകയാണ് താരം. അതും  ഷാരൂഖ് ഖാനും ആലിയ ഭട്ടും നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്സ് എന്ന ചിത്രത്തില്‍. പ്രധാന വേഷത്തിലാണ് റോഷന്‍ ചിത്രത്തിലെത്തുന്നത്. ഷഫാലി ഷാ, വിജയ് ശര്‍മ്മ, ആലിയ ഭട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.  

 

എറ്റേണല്‍ സണ്‍ഷാന്‍ എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ അനൗണ്‍സ്മെന്റിനൊപ്പമാണ് ആലിയ ഭട്ട് പുതിയ സിനിമയുടെ വിശേഷം പങ്കുവച്ചിരിക്കുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് പ്രൊജക്ട് ആണ് ഡാര്‍ലിംഗ്. പൃഥ്വിരാജിനൊപ്പമുള്ള കുരുതി, സിബി മലയില്‍ ചിത്രം കൊത്ത്, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയാണ് റോഷന്‍ മാത്യു ഡാര്‍ലിംഗ്സിന്റെ ഭാഗമാവുക.  

 

പാര്‍വതി തിരുവോത്തിനൊപ്പമുള്ള വര്‍ത്തമാനം ആണ് മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരിക്കുന്ന റോഷന്‍ മാത്യുവിന്റെ മറ്റൊരു സിനിമ. കൈ നിറയെ ചിത്രങ്ങളാണ് റോഷന്‍ മാത്യുവിന്. 

 

ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസിനൊപ്പമാണ് ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നത്. സ്ത്രീകേന്ദ്രീകൃത പ്രമേയമുള്ള സിനിമയില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് എത്തുക. ജസ്മീത് കെ റീന്‍ ആണ് സംവിധാനം. 

 

കൊവിഡ് ലോക്ക് ഡൗണ്‍ വേളയിലാണ് റോഷന്‍ മാത്യു നായകനായ അനുരാഗ് കശ്യപ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് പ്രിമിയറായി പ്രേക്ഷകരിലെത്തിയിരുന്നു. ഈ ചിത്രത്തിലെ റോഷന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മഹേഷ് നാരായണന്‍ കൊവിഡ് സമയത്ത് ഒരുക്കിയ സീ യു സൂണ്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായിരുന്നു റോഷന്‍ മാത്യു.