തട്ടിപ്പില്‍ വീഴരുത്, അതെന്റെ സ്ഥാപനമല്ലെന്ന് സംഗീത ജനചന്ദ്രന്‍, ഡബ്ല്യുസിസിയുടെ നെടുംതൂണ്‍ സംഗീത ജനചന്ദ്രന്‍ പറയുന്നു

Updated: Friday, February 12, 2021, 10:48 [IST]

ആരാണീ സംഗീത ജനചന്ദ്രന്‍? ഡബ്ല്യുസിസിയുടെ തുടക്കം മുതലാണ് സംഗീത ജനചന്ദ്രനെ പലരും ശ്രദ്ധിച്ചു തുടങ്ങിയത്. സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റും സ്റ്റോറീസ് സോഷ്യല്‍ എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറും ഡബ്ല്യുസിസിയുടെ സോഷ്യല്‍ മീഡിയ മാനേജറുമാണ് സംഗീത ജനചന്ദ്രന്‍. നടി പാര്‍വ്വതി തിരുവോത്തിന്റെ കസിന്‍ കൂടിയാണ് സംഗീത. തന്റെ പേരില്‍  അഭിനേതാക്കളെയും നിര്‍മ്മാണ കമ്പനികളെയും പറഞ്ഞ് പറ്റിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത.

ഞാന്‍ സംഗീത ജനചന്ദ്രന്‍, സിനിമകള്‍, ബ്രാന്‍ഡുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കായി മാര്‍ക്കറ്റിങും ആശയവിനിമയങ്ങളും നടത്തുന്നതിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറീസ് സോഷ്യല്‍ എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറാണ്. മീഡിയ പബ്ലിസിറ്റിയിലും സിനിമ അനുബന്ധ പേജുകളുടെ ഏകോപനവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി, അഭിനേതാക്കളെയും, നിര്‍മ്മാണ കമ്പനികളെയും ബന്ധപ്പെടുന്നതിനായി എന്റെ പേര് പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചൂഷണപരവും, നിയമവിരുദ്ധവുമായി പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ ഭാഗത്തുനിന്നുണ്ടായതായും അറിഞ്ഞു.

Advertisement

 

ഈ വ്യക്തി, എന്നെയോ എന്റെ ടീമിനെയോ കമ്പനിയെയോ പ്രതിനിധീകരിക്കുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു തരത്തിലും ഞങ്ങള്‍ക്ക് ബന്ധമില്ല. ഈ വ്യക്തിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും, അദ്ദേഹത്തെയും സംഘത്തെയും ഞങ്ങളുടെ എല്ലാ പ്രോജക്ടുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും സംഗീത പറയുന്നു.

Advertisement

 

അത്തരം ആളുകള്‍ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഞങ്ങളുടെ കമ്പനി സ്റ്റോറീസ് സോഷ്യലിനും എനിക്കും, തേര്‍ഡ് പാര്‍ട്ടികളുമായോ കാസ്റ്റിങ് ഏജന്റുമാരുമായോ സ്ഥിരമായ അസോസിയേഷനുകള്‍ ഇല്ല. അത്തരം ആളുകള്‍ നടത്തുന്ന അനധികൃത നടപടികള്‍ക്കോ ആശയവിനിമയങ്ങള്‍ക്കോ ഞങ്ങള്‍ ഉത്തരവാദിയായിരിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംഗീത ജനചന്ദ്രന്‍ പറഞ്ഞു.

 

ദിവസവും പലതവണ വെര്‍ബല്‍ റേപിന് താന്‍ ഇരയാകുന്നുണ്ടെന്ന് പറഞ്ഞ് സംഗീത മുന്‍പ് വാര്‍ത്താ സമ്മേളനം നടത്തിയത് ശ്രദ്ധേയമായിരുന്നു. 2018 ലാണ് സംഗീത ഡബ്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജ് ബന്ധുവും നടിയുമായ പാര്‍വതി തിരുവോത്തില്‍നിന്ന് ഏറ്റെടുക്കുന്നത്. സ്വന്തം അക്കൗണ്ടും ഡബ്യുസിസിയുടെ പേജും കൈകാര്യം ചെയ്തിരുന്നത് പാര്‍വതിയാണ്. കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടികാണിച്ചതിനു പാര്‍വതിക്കു നേരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഈ മേഖലയില്‍ പ്രഫഷനലായ സംഗീതയും പേജിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. പേജിന് പ്രഫഷനല്‍ ഔട്ട് ലുക്ക് നല്‍കുകയായിരുന്നു ലക്ഷ്യം.

 

എന്നാല്‍ ഭീഷണികളും ലൈംഗിക അധിക്ഷേപങ്ങളും കേട്ടാലറയ്ക്കുന്ന അസഭ്യവുമാണ് ഡബ്യൂസിസി പേജില്‍ നിറയുന്നത്. കൂടുതല്‍ ആക്രമണങ്ങളും വ്യാജ പ്രൊഫൈലുകളില്‍ നിന്നുമാണ്. തങ്ങളുടെ കഴിവോ അഭിപ്രായമോ രാഷ്ട്രീയ നിലപാടുകളോ തുറന്നു പറയുന്നവരെ നിരന്തരമായി ആക്രമിക്കാനുള്ള പ്രവണത. ആ വ്യക്തിയെ അധിഷേപിക്കാനും തരംതാഴ്ത്താനും അവര്‍ മത്സരിക്കുകയാണെന്നും സംഗീത പറഞ്ഞിരുന്നു.  

 

Latest Articles