ഞാനും ഒരു ഇരയായി തീര്‍ന്നു, ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെ വരെ വലിച്ചിഴച്ചു, നടി ലക്ഷ്മി പ്രമോദ് പറയുന്നു

Updated: Tuesday, January 26, 2021, 17:48 [IST]

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയെ ഓര്‍മ്മയില്ലേ.. റംസിയുടെ വാര്‍ത്ത പുറത്തുവന്നതോടെ വിവാദത്തില്‍പെട്ട താരമാണ് സീരിയല്‍ നടി ലക്ഷ്മി പ്രമോദ്. പരസ്പരം സീരിയലിലൂടെയും മറ്റും പ്രേക്ഷകരുടെ ഇഷ്ട നടിയായിരുന്നു ലക്ഷ്മി പ്രമോദ്. റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പരയിലെല്ലാം ലക്ഷ്മി ഉണ്ടായിരുന്നു. എന്നാല്‍, പെട്ടെന്നായിരുന്നു ലക്ഷ്മിയുടെ അഭിനയ ജീവിതത്തില്‍ കരിനിഴല്‍ വീഴുന്നത്.

 

റംസി സ്‌നേഹിച്ച യുവാവിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലക്ഷ്മി പ്രമോദ്. അതുകൊണ്ടുതന്നെ റംസിയുമായി ലക്ഷ്മിക്ക് അടുത്ത ബന്ധവുമായിരുന്നു. നിരവധി ടിക് ടോക് വീഡിയോകളിലൂടെ ഇരുവരുടെയും സൗഹൃദം മലയാളികള്‍ കണ്ടതുമാണ്. എന്നാല്‍, റംസിയുടെ മരണത്തിന് ലക്ഷ്മിക്കും പങ്കുണ്ടെന്നാണ് ആരോപണം. ഇപ്പോഴും കേസ് നടക്കുകയാണ്. റംസിയെ ഗര്‍ഭഛിത്രം നടത്താന്‍ ലക്ഷ്മി പ്രേരിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.

 

 

കേസില്‍ ഉള്‍പ്പെട്ടതുകൊണ്ടുതന്നെ ലക്ഷ്മിയെ ടെലിവിഷന്‍ പരമ്പരകളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. സത്യം എന്നായാലും പുറത്ത് വരും എന്നാണ് ലക്ഷ്മി ഇപ്പോള്‍ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും തന്നെക്കുറിച്ച് പലതും പറഞ്ഞ് പ്രചരിപ്പിച്ചിട്ടും മൗനം പാലിച്ചത് പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടല്ല, നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് കരുതിയത് കൊണ്ട് മാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ ഞാനും ഒരു ഇരയായി തീരുകയായിരുന്നു. എന്നെ അറിയാത്തവര്‍ പോലും ലക്ഷ്മി ഇങ്ങനെയുള്ള പെണ്ണാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. പക്ഷെ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ചത് ഒന്നും അറിയാത്ത എന്റെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചപ്പോഴാണ്. കുഞ്ഞിനെ കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി എത്രത്തോളം ബുദ്ധിയുള്ളവരാണ് ഇതില്‍ കുത്തിയിരിയ്ക്കുന്നത് എന്ന്.

 

ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് മാസമെന്നാണ് ലക്ഷ്മി പറയുന്നത്. എന്റെ കുടുംബത്തിനാണ് ഞാന്‍ എപ്പോഴും മുന്‍ഗണന കൊടുത്തത്. അവരുടെ പിന്തുണ എനിക്ക് എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്. പണ്ട് മുതലേയുള്ള സുഹൃത്തുക്കളുടെ പിന്തുണയും ഇപ്പോഴുമുണ്ട്. സഹപ്രവര്‍ത്തകരാരും എന്നോട് കേസിനെ കുറിച്ച് ഒന്നും ചോദിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആ സമയത്ത് പലരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനാവശ്യ കോളുകള്‍ വന്നുകൊണ്ടിരുന്നത് കാരണം എന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും ലക്ഷ്മി പ്രമോദ് പറഞ്ഞു.

 

സീരിയലില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്ത എന്റെ കരിയര്‍ ഒറ്റനിമിഷം കൊണ്ട് ഇല്ലാതായി. ഒന്ന് രണ്ട് സീരിയലുകള്‍ വന്നിരുന്നു. എന്നാല്‍ വ്യക്തിപരമായി ഇപ്പോള്‍ എനിക്കൊരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് വിട്ടു നില്‍ക്കാം എന്നത് ഞാന്‍ സ്വയം എടുത്ത തീരുമാനമാണ്. അല്ലാതെ അഭിനയത്തില്‍ നിന്ന് എന്നെ ആരും വിലക്കിയിട്ടില്ലെന്നാണ് ലക്ഷ്മി പ്രമോദ് വ്യക്തമാക്കുന്നത്.