അപ്പപ്പോള്‍ കാണുന്നവനെ അപ്പാന്നു വിളിക്കാത്തവള്‍, ആരാണ് പാര്‍വ്വതി എന്ന ചോദ്യം അമ്മ സംഘടനയ്ക്ക് മൊത്തമുണ്ട്, ഷമ്മി തിലകനും രേവതിയും പ്രതികരിക്കുന്നു
Updated: Friday, February 12, 2021, 11:01 [IST]

നടി പാര്‍വ്വതി തിരുവോത്തിന്റെ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്തെത്തി. ആരാണ് പാര്‍വ്വതി എന്ന നടി രചന നാരായണന്‍കുട്ടിയുടെ ചോദ്യം ചര്‍ച്ചയാകുകയാണ്. പാര്‍വതിക്ക് പിന്തുണയുമായി നടന് ഷമ്മി തിലകന് രംഗത്തെത്തി. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആണ് പാര്‍വതിയെന്നാണ് ഷമ്മി തിലകന് പറഞ്ഞിരിക്കുന്നത്.

അതേസമയം, നടി രേവതി സമ്പത്ത് പ്രതികരിച്ചതിങ്ങനെ... രചന നാരായണന്‍കുട്ടിയുടെ 'ആരാണ് പാര്‍വതി' എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന 'നാടക'സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാര്‍വതി, അതായത് രചന അടങ്ങുന്ന ആ സംഘടനയില്‍ പലര്‍ക്കും ഇല്ലാത്ത ഒന്ന്. സംഘടനയിലുള്ളവര്‍ക്ക് ഇല്ലാത്തൊന്നായ ഈ നിലപാട് എന്നത് ഇവരില്‍ നിന്നുമൊക്കെ വളരെ വിദൂരമായി നിലനില്‍ക്കുന്ന ഒരു ഗോളം മാത്രമാണ്.

സിനിമയിലെ പുരുഷാധിപത്യം എന്തോ അനുഗ്രഹമായി കാണുന്ന ഈ എ.എം.എം.എയിലെ കളിപ്പാവകള്‍ക്കൊന്നും ജന്മത്ത് പാര്‍വതിയടക്കം ശബ്ദം ഉയര്‍ത്തുന്ന ഒരു സ്ത്രീയെയും മനസിലാകാന്‍ പോകുന്നില്ല, മനസിലായാല്‍ തന്നെ പ്രത്യക്ഷത്തില്‍ മനസിലായില്ല എന്ന മുഖംമൂടി അണിയുകയും ചെയ്യും നിങ്ങള്‍. എ.എം.എം.എക്കാര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. എക്കാലവും അടിച്ചമര്‍ത്തല്‍ ആഘോഷമാക്കി പോകാം എന്ന് കരുതിയ അധികാര അസത്തുകള്‍ക്ക് നേരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിങ്ങള്‍ ഭയപ്പെടുന്നു.

ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം എന്നൊക്കെ രചന പറയുമ്പോള്‍, ആ ശ്രമം തന്നെ നിങ്ങള്‍ക്ക് എടുക്കേണ്ടി വരുന്നതിന്റെ കാരണം എന്ത് കൊണ്ട് എന്ന് കൂടൊന്ന് ചിന്തിച്ചാല്‍ മതി. പേടിക്കണ്ട, വൈകാതെ മുഴുവനായി പൊളിഞ്ഞു വീണോളും. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ രചനയെയും, ഹണി റോസിനെയും കസേരയിലിരുത്തി, പുറകില്‍ ദാറ്റ്സ് ഹൗ വീ ആര് എന്ന മട്ടില്‍ ഒരു ഇരുത്തല് നാടകം പുറത്തിറക്കിയില്ലേ, ആ കാട്ടിക്കൂട്ടലില്‍ തന്നെയുണ്ട് പാര്‍വതി എന്ന ആശയം. നാണം ഇല്ലേ എ.എം.എം.എ എന്ന് ചോദിച്ചാല്‍ നാണം തന്നെ നാണംകെടും എന്നും രേവതി സമ്പത്ത് പ്രതികരിച്ചു.