ഹോമിയോ ഡോക്ടറായി ഷറഫുദ്ദീന്‍, നൈല ഉഷയുടെ വേഷം സസ്‌പെന്‍സ്

Updated: Monday, March 1, 2021, 13:53 [IST]

ആര്‍ക്കറിയാം എന്ന ചിത്രത്തിനുശേഷം നടന്‍ ഷറഫുദ്ദീന് തിരക്കോട് നിരക്കാണ്. ഹോമിയോ ഡോക്ടറായ പ്രിയന്‍ എന്ന കഥാപാത്രമായി ഷറഫുദ്ദീന്‍ എത്തുകയാണ്. കെയര്‍ ഓഫ് സൈറ ഭാനു സംവിധായകന്‍ ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലാണ് ഷറഫുദ്ദീന്‍ നായകനാകുന്നത്. 

നൈല ഉഷയാണ് നായികയായി എത്തുന്നത്. നൈല ഉഷയുടെ കഥാപാത്രം സസ്പെന്‍സ് ആണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.  

 

അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കോഹിനൂര്‍ ഫെയിം അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, സ്പടികം ജോര്‍ജ്, അശോകന്‍, തമാശ ഫെയിം ഉമ കെ.പി എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് 14ന് ആരംഭിക്കും. 

 


ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഒരു പൊലീസ് സ്റ്റേഷനിലാണ് ആരംഭിക്കുക എന്നും സംവിധായകന്‍ പറയുന്നു. സന്തോഷ് ത്രിവിക്രം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രജീഷ് പ്രേം രചിക്കുന്ന വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതമൊരുക്കുന്നു. സൗണ്ട് ഡിസൈന്‍ ഗോകുല്‍ കെ ആര്‍, കല സംവിധാനം-രാജേഷ് വേലായുധന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-റോണെക്‌സ് സേവിയര്‍.