ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറുണ്ട്, ആ പരിഹാസങ്ങള്‍ ഞാനും അനുഭവിച്ചിട്ടുണ്ടെന്ന് ഗായിക ജ്യോത്സ്‌ന

Updated: Monday, February 15, 2021, 10:12 [IST]

പിന്നണി ഗാനരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് ജ്യോത്സ്‌ന. ശരീര പ്രകൃതിയുടെയും തടിയുടെയും പേരില്‍ വളരെക്കാലം താനും ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നുവെന്നാണ് ജ്യോത്സ്‌ന പറയുന്നത്. തന്റെ പഴയ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കുവെച്ചാണ് ഇക്കാര്യം ജ്യോത്സ്‌ന പറയുന്നത്.

ഈ ചിത്രം ഇവിടെ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റെന്നും ജ്യോത്സ്‌ന സൂചിപ്പിക്കുന്നു. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്. ജീവിതത്തില്‍ വളരെക്കാലം ഞാനും ബോഡി ഷെയ്മിങ്ങിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അബ്യൂസുകളില്‍ ഒന്നാണത്.

ശാരീരികമായും വൈകാരികമായും ആത്മീയമായും സ്വയം നിയന്ത്രിക്കണമെന്ന എന്റെ തീരുമാനത്തിന്റെ ഫലമാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്. അതിനായി, ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്‌നേഹിക്കാന്‍ തീരുമാനിച്ചു. എന്താണ് എനിക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു.

Advertisement

 

ഈ യാത്രയില്‍, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദര്‍ശനന്‍, വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച ടൈം രാവിലെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച ആള്‍. അതുപോലെ മിസ്റ്റര്‍ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധന്‍. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങള്‍ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദിയുണ്ടെന്ന് ജ്യോത്സ്‌ന കുറിക്കുന്നു.

Advertisement

 

ഞാനിപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യമാനദണ്ഡങ്ങള്‍ വച്ചുനോക്കുമ്പോള്‍, ഞാനിപ്പോഴും വല്യ സൈസ് ഉള്ള കുട്ടി തന്നെയാണ്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളുമൊക്കെ എനിക്കുണ്ട്, ഞാനതിനെ ഉള്‍ക്കൊള്ളുന്നു. ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോവുന്തോറും ഞാന്‍ പഠിക്കുന്നു.

 

ആരോഗ്യത്തോടെയിരിക്കുക, ഞാനാഗ്രഹിക്കുന്നത് അതാണ്. സമാന അവസ്ഥകളില്‍ ബുദ്ധിമുട്ടുന്നവരോടും അതാണ് പറയാനാഗ്രഹിക്കുന്നത്. ശരീരം മാത്രമല്ല, മനസ്സും ആരോഗ്യത്തോടെ ഇരിക്കട്ടെ. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക. വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകള്‍, നിങ്ങളുടെ ചിന്തകള്‍ എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങള്‍ യുണീക് ആണ്. അങ്ങനെയല്ല എന്നു വരുത്തിതീര്‍ക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്നും ജ്യോത്സ്‌ന പറയുന്നു.