ഭാര്യയെയും കണ്മണിയെയും ചേര്‍ത്തുനിര്‍ത്തി ഗായകന് രഞ്ജിന് രാജ്
Updated: Thursday, February 18, 2021, 17:08 [IST]

ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് ഗായകന് രഞ്ജിന് രാജും ശില്‍പ്പയും. ഭാര്യയുടെ വളകാപ്പ് ചടങ്ങാണ് ഇപ്പോള്‍ വൈറലാകുന്നത്. ഐഡിയാ സ്റ്റാര്‍ സിംഗര്‍ വഴി പിന്നണി ഗാനരംഗത്ത് എത്തിയ ഗായകനാണ് രഞ്ജിന് രാജ്. പോയ വര്‍ഷം മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയ പാട്ടായിരുന്നു ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനം. ഈ സുന്ദരമാര്‍ന്ന ഗാനത്തിന്റെ സംഗീത സംവിധായകനാണ് രഞ്ജിന് രാജ്

2007ലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ വേദിയിലെത്തിയ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിന്. ഗായകന് മാത്രമാകാതെ സംഗീതത്തിന്റെ മറ്റ് മേഖലകളിലും കഴിവ് തെളിയിക്കണമെന്നായിരുന്നു തന്റെ അമ്മയുടെ ആഗ്രഹമെന്ന് രഞ്ജിന് പറഞ്ഞിരുന്നു. ജോസഫിലെ പൂമുത്തോളെ എന്ന ഗാനം പലരും പലതരത്തില്‍ വായിച്ചപ്പോള്‍ തനിക്കത് തന്റെ അമ്മയോടുള്ള സ്നേഹമായിരുന്നുവൈന്നും രഞ്ജിന് പറഞ്ഞിട്ടുണ്ട്.

അമ്മയെ മനസ്സില്‍ ഓര്‍ത്തായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയതെന്നായിരുന്നു രഞ്ജിന് പറഞ്ഞത്. തന്റെ അമ്മ മരിച്ച് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ ഈ ഗാനം ചെയ്തതെന്ന് രഞ്ജിന് പറഞ്ഞിരുന്നു. പൂമുത്തോളെ എന്ന ഗാനം പലരും കാമുകിക്കും മക്കള്‍ക്കുമായി മാറ്റിവയ്ക്കുമ്പോള്‍ താന്‍ ഇത് അമ്മയ്ക്കായി ഒരുക്കിയതാണെന്നാണ് രഞ്ജിന് പറഞ്ഞത്.

അത്രമാത്രം അമ്മയോട് അടുപ്പമായിരുന്നുവെന്നും രഞ്ജിന് പറയുന്നു. 19ാം വയസ്സിലായിരുന്നു രഞ്ജിന് സ്റ്റാര്‍ സിംഗര്‍ വേദിയിലെത്തിയത്. ഷോയില്‍ നിന്ന് ഔട്ടായ രഞ്ജിന് പിന്നീട് സ്റ്റേജ് ഷോകളുടെ കാലമായിരുന്നു. റേഡിയോയിലും ടെലിവിഷന്‍ ചാനലുകളിലുമൊക്കെ അവതാരകന്റെ വേഷമിടാന്‍ കാരണവും സ്റ്റാര്‍ സിംഗറിലെ പ്രകടനം തന്നെയാണ്.

2013ല്‍ പുറത്തിറങ്ങിയ കുന്താപുര എന്ന ചിത്രത്തില്‍ കണ്മണിയേ നിന് കണ്കള് എന്ന പാട്ട് പാടി. ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കില്‍ സിനിമ പരാജയമായിരുന്നു. 2014 ഓടെയാണ് സംഗീത സംവിധാന രംഗത്തെത്തുന്നത്. പരസ്യ ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഷോര്‍ട്ട് ഫിലിമിനുമൊക്കെ ഈണമൊരുക്കിയിട്ടുണ്ട്.

അഞ്ഞൂറിലധികം പരസ്യങ്ങള്‍ക്കും ടിവി ചാനലുകളുടെ പ്രമോകള്‍ക്കുമൊക്കെ ഈണമൊരുക്കി. അജയ് ശിവറാമിന്റെ നീരവം ആയിരുന്നു ആദ്യ സിനിമ. ബാവുള്‍ സംഗീതത്തിന്റെ ചുവടുപിടിച്ചുള്ള ചിത്രത്തില്‍ മൂന്നുഗാനങ്ങള്‍ക്ക് ഈണമിട്ടു.
