അടുത്ത അധ്യായം തുടങ്ങി, സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍

Updated: Thursday, March 4, 2021, 16:17 [IST]

ഗായിക ചിത്ര കഴിഞ്ഞ് ഒരു അത്ഭുതമായി തോന്നിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയൊന്നും ഈ ഗായികയ്ക്ക് ഒരു പ്രശ്‌നമല്ല. ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രേയ ഘോഷാല്‍ മലയാളികളുടെ ഇഷ്ട ഗായികയായത്.

താനിപ്പോള്‍ ജീവിതത്തിലെ മറ്റൊരു അധ്യായത്തില്‍ എത്തി നില്‍ക്കുകയാണെന്ന് ശ്രേയ പറയുന്നു. ശ്രേയ ഘോഷാല്‍ ഗര്‍ഭിണിയാണെന്നുള്ള സന്തോഷ വാര്‍ത്തയാണ് പങ്കുവെച്ചത്. നിങ്ങളെല്ലാവരെയും അറിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണമെന്നും ശ്രേയ കുറിക്കുന്നു.
വയര്‍ തലോടി നില്‍ക്കുന്ന ഒരു ഫോട്ടോയും ശ്രേയ പങ്കുവെച്ചിട്ടുണ്ട്. വീടിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ഫോട്ടോയാണിത്.  

 

ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ഭര്‍ത്താവ്. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ 'ബിഗ് ബി'യിലെ 'വിട പറയുകയാണോ' എന്ന ഗാനം പാടിക്കൊണ്ടാണ് ശ്രേയ മലയാളത്തിലെത്തുന്നത്. പിന്നീടങ്ങോട്ട് ശ്രുതി മധുരമായ ഒട്ടേറെ ഗാനങ്ങള്‍.

 

എം ജയചന്ദ്രനാണ് ശ്രേയയെ മലയാള ഗാനരംഗത്ത് പരിചയപ്പെടുത്തുന്നത്. പിന്നീടങ്ങോട്ട് എം ജയചന്ദ്രന്റെ മിക്ക പാട്ടുകളും ശ്രേയ തന്നെയാണ് പാടിയത്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്.

 

പാട്ടിന്റെ വരികളെല്ലാം മനസ്സിലാക്കിയാണ് ശ്രേയ പാടാറുള്ളത്. അത് ആ പാട്ടിനും ഗുണം ചെയ്യാറുണ്ട്. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി, ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

 

പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതല്‍ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാല്‍ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയാണ്. 16-ാം വയസ്സില്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബന്‍സാലിയുടെ ശ്രദ്ധയില്‍ പെടുന്നത്. 'ദേവദാസ്' (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള തുടക്കം.