റോമ മലയാളത്തില്‍ തിരിച്ചെത്തുന്നു, വെള്ളേപ്പത്തിലെ ഗാനവും പുറത്തിറങ്ങി

Updated: Saturday, February 13, 2021, 13:29 [IST]

നല്ല നാളുകളെ ഓര്‍മ്മിപ്പിച്ച് വെള്ളേപ്പത്തിലെ ഗാനം പുറത്തിറങ്ങി. അക്ഷയ് രാധാകൃഷ്ണനും നൂറിന്‍ ഷെരീഫും പ്രധാന വേഷത്തിലെത്തുന്ന വെള്ളേപ്പം പ്രതീക്ഷകള്‍ നല്‍കുന്നു. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളേപ്പം. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോണ്‍സനാണ്.  ഡിനു മോഹന്റേതാണ് വരികള്‍. നല്ല നാളുകള്‍ തിരികെ വരും എന്ന പ്രത്യാശയുടെ സന്ദേശമാണ് ഗാനം നല്‍കുന്നത്.

ആദ്യഗാനത്തില്‍ അക്ഷയ് രാധാകൃഷ്ണനും നൂറിനുമാണ് അഭിനയിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം നൂറിനെ ഒരു സിനിമയില്‍ കാണുന്ന സന്തോഷവും ആരാധകര്‍ പങ്കുവെച്ചു. തൃശൂരിന്റെ പ്രാതല്‍ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന വെള്ളേപ്പം, നിര്‍മ്മിക്കുന്നത് ബറോക്ക് ഫിലിമ്‌സിന്റെ ബാനറില്‍ ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവന്‍ ലാലിന്റേതാണ്.

 

ഷൈന്‍ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് റോമ എന്ന നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 

 

ശ്രീജിത്ത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, വൈശാഖ് സിവി, ഫാഹിം സഫര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയിരുന്നു. തൃശൂരില്‍വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. 

ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളായ എസ്. പി വെങ്കടേഷും, പൂമരം, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എല്‍ ഗിരീഷ്‌കുട്ടനുമാണ്. മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജ്യോതിഷ് ശങ്കര്‍ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍ ആണ്. ഏപ്രില്‍ പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.