മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുതിയ തുടക്കം, പിന്തുണയുമായി പ്രണവ്, ആശംസയുമായി ആരാധകര്‍

Updated: Wednesday, February 10, 2021, 10:25 [IST]

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ്. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും മകന്‍ പ്രണവിനെ പോലെ മകള്‍ വിസ്മയ സിനിമയിലേക്ക് വരികയാണോ എന്ന്. എന്നാല്‍, അഭിനയത്തിനോടൊന്നും വിസ്മയയ്ക്ക് താല്‍പര്യമില്ല. എഴുത്തും വരയുമാണ് വിസ്മയയുടെ ലോകം. തായ് ആയോധന കലയിലും താരപുത്രിക്ക് താല്‍പര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകള്‍ വിസ്മയ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ മറ്റൊരു വിശേഷമാണ് താര രാജാവിന്റെ കുടുംബത്തില്‍ നിന്നുയരുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുളള ഒരുക്കത്തിലാണ് വിസ്മയ. തന്റെ കവിതാ സമാഹാരമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14 ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വിസ്മയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിസ്മയ ഈ സന്തോഷവാര്‍ത്ത പങ്കിട്ടത്. 

ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് പിന്തുണ അറിയിച്ച് പ്രണവ് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.

പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂര്‍വ്വമായേ കാണാറുളളൂ. അടുത്തിടെ മോഹന്‍ലാലിന്റെ വലംകൈ ആയ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ആരാധകര്‍ മോഹന്‍ലാലിന്റെ മകളെ കാണുന്നത്. ആ സന്തോഷവും ആരാധകര്‍ പങ്കുവെച്ചിരുന്നു.