ആഴ്ച്ചയിലെ ഓരോ ദിവസവും നോൽക്കേണ്ട വ്രതങ്ങളെ കുറിച്ച് നിങ്ങളറിയാതെ പോകരുത്.!!!

Updated: Monday, September 7, 2020, 10:30 [IST]

ആഴ്ചയിലെ ഓരോ ദിവസങ്ങളും ഓരോ ദേവതൾക്കു വേണ്ടി ഉള്ളതാണ്. ആ ദിവസങ്ങളിൽ നിങ്ങൾ വ്രതം നോറ്റാൽ അതിനുകത്ത അനുഗ്രഹവും നിങ്ങൾക്ക് ലഭ്യമാകും. വ്രതങ്ങൾ നോക്കുന്നതുകൊണ്ട് നിങ്ങളുടെ മാനസീക സംഘർഷങ്ങൾ കുറയ്ക്കാനും സാധിക്കും. ആദിത്യ പ്രീതിയ്ക്കാണ് ഞായറാഴ്ച വ്രതം നോൽക്കുന്നത്. ത്വക്ക് രോഗങ്ങളും നേത്ര രോഗങ്ങളും മാറ്റാനാണ് ഈ വ്രതം എടുക്കുന്നത്. എന്നാൽ സൂര്യൻ ഗൃഹനായകനായതുകൊണ്ട് വീട്ടമ്മമാർ ഭർത്താകന്മാർക്ക് വേണ്ടിയും കുടുംബത്തിന് ഐശ്വര്യം ഉണ്ടാവാൻ വേണ്ടിയും ഈ വ്രതം അനുഷ്ഠിക്കാറുണ്ട്. വ്രതം നോൽക്കുന്നവർ അന്നേ ദിവസം എണ്ണ തേച്ച് കുളിക്കുകയോ, മാംസാഹരങ്ങൾ ഭക്ഷിക്കുകയോ ചെയ്യരുത്. ഉപ്പും വർജ്യമാണ്. ഈ ദിവസം സൂര്യക്ഷേത്രത്തിൽ തൊഴുന്നത് ഉത്തമമാണ്.

 

ഏവർക്കും നന്നായി കേട്ട് പരിചയം ഉള്ള ഒന്നാണ് തിങ്കളാഴ്ച വ്രതം. മംഗല്യസിദ്ധിക്കായി കന്യകമാരാണ് ഈ വ്രതം നോൽക്കുന്നത്. ചിങ്ങ മാസത്തിൽ ഈ വ്രതം നോൽക്കുന്നത് അത്യുത്തമമായി കണക്കാക്കുന്നു. ഭർത്താവിന്റെയും മകന്റെയും ഐശ്വര്യത്തിനായി മംഗല്യവതികളായ സ്ത്രീകളും ഈ വ്രതം നോൽക്കാറുണ്ട്. ദേവീ പ്രീതിയ്ക്കായി നടത്തുന്ന ഒന്നാണ് ചൊവ്വാഴ്ച വ്രതം. ചൊവ്വാദേഷമുള്ളവർ ഈ വ്രതം നോൽക്കണം. ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ ലളിതാ സഹസ്രനാമം ചൊല്ലുന്നതും ദേവിയ്ക്ക് രക്ത പുഷ്പാഞ്ചലി നടത്തുന്നതും ശ്രേഷ്ഠമാണ്. വിദ്യാലാഭ സിദ്ധിയ്ക്ക് ബുധനാഴ്ച വ്രതം നോൽക്കുന്നത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ബുധ ഗൃഹത്തിനാണ് ഈ ദിനത്തിൽ പ്രാധാന്യം. ബുധ പൂജ ചെയ്യുന്നത് നിങ്ങൾക്ക് ഐശ്വര്യമുണ്ടാക്കും. ഒപ്പം ദാനധർമ്മങ്ങൾ ചെയ്യുന്നതിനു വിശേഷപ്പെട്ട ദിവസമാണ് ബുധനാഴ്ച.

 

വിഷ്ണു പ്രീതിയ്ക്കായി നോൽക്കുന്നതാണ് വ്യാഴാഴ്ച വ്രതം. വ്യാഴദശാ കാലമുള്ളവർ ഈ വ്രതം അനുഷ്ഠിച്ചാൽ ശ്രയസ്സുണ്ടാവും. അന്നേ ദിവസം വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നതും വിഷ്ണു നാമം ജപിക്കുന്നതും ഭഗവാന്റെ ഇഷ്ട വഴിപാടായ തൃകൈവെണ്ണ നടത്തുന്നതിനും ഉത്തമമാണ്. ഒരിക്കലൂണോടെയാണ് ഇത് നടത്തേണ്ടത്. പാലും, നെയ്യും ദാനം ചെയ്യുന്നത് ഉത്തമം. സന്താന സൗഭാഗ്യവും ഈ വ്രതത്തിലൂടെ ഉണ്ടാവുന്നു. അന്നപൂർണ്ണേശ്വരി മഹാ ലക്ഷ്മി എന്നിവർക്കായാണ് വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. മംഗല്യസിദ്ധിക്കും ധനധാന്യ സമ്പൽസമൃദ്ധിക്കുമാണ് സ്ത്രീകൾ കൂടുതലായും ഈ വ്രതം അനുഷ്ഠിക്കുന്നത്. സ്ത്രീകൾ ഈ ദിവസം ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അത്യുത്തമമാണ്. പന്ത്രണ്ട് വെള്ളിയാഴ്ച ദേവിയ്ക്ക് സ്വയംവരാർച്ചന നടത്തുന്നത് മംഗല്യസിദ്ധിയ്ക്ക് ഉത്തമമാണ്. ശുക്രദശാ കാലമുള്ളവരും വെള്ളിയാഴ്ച വ്രതംനോൽക്കണം. ശനി ദോഷം മാറാനാണ് ശനിയാഴ്ച വ്രതം നോൽക്കേണ്ടത്. ശനിദശാ കാലമുള്ള മുഖ്യമായും ഇത് അനുഷ്ഠിക്കണം. ശാസ്താവിനും ശനി ദേവനുമാണ് ഇത് ചെയ്യുന്നത്. ശാസ്താ ക്ഷേത്രത്തിൽ എള്ള് തിരികത്തിയ്ക്കുന്നതും നീരാഞ്ജനം നടത്തുന്നതും ഉത്തമമാണ്.