കടയിലേയ്ക്ക് ഓടണ്ട... ഇനി നിങ്ങൾക്കും മാഷ്‌മെല്ലോ വീട്ടിൽ തന്നെ ഉണ്ടാക്കാം.!!!

Updated: Monday, September 7, 2020, 10:38 [IST]

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട സാധനമാണ് മാഷ്‌മെല്ലോ. കടയിൽ പോകാതെ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാൻ സാധിക്കും. അതും വളരെ ഈസിയായി. വെറും മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് മാഷ്‌മെല്ലോ എങ്ങനെ തയ്യാറാക്കണമെന്ന് നോക്കാം. വിപണിയിൽ പല നിറത്തിലും വലുപ്പത്തിലും ഇത് ലഭ്യമാണ്.

 

ആവശ്യമായ സാധനങ്ങൾ

  • പൊടിച്ച പഞ്ചസാര അര കപ്പ്
  • പഞ്ചസാര 1 കപ്പ്
  • കോൺഫ്‌ളവർ കാൽ കപ്പ്
  • വെള്ളം അര കപ്പ്
  • ജെലറ്റിൻ രണ്ടര ടേബിൾ സ്പൂൺ

 

ആദ്യം ഒരു പാത്രത്തിലേയ്ക്ക് പൊടിച്ച പഞ്ചസാരയും കോൺഫ്‌ളവറും അരിപ്പിയിലൂടെ ഇടഞ്ഞിടുക. ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കുക. ചെറിയൊരു പാത്രത്തിൽ ജെലറ്റിൻ അരകപ്പ് ചൂടുവെള്ളത്തിൽ കുതിർക്കുക. പത്ത് മിനിറ്റ് സമയം ഇത് മാറ്റി വയ്ക്കുക. മാഷ്‌മെല്ലോ സെറ്റ് ചെയ്യാനുള്ള മൗൾഡിൽ നേരത്തെ തയ്യാറാക്കി വച്ച പൊടിച്ച പഞ്ചസായരയുടേയും കോൺഫ്‌ളവറിന്റെയും കൂട്ട് ഇടുക. എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അധികമുള്ള പൊടി തട്ടികളയുക. പാത്രത്തിൽ നിന്ന് പെട്ടെന്ന് വിട്ടുകിട്ടാനാണിത്. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേയ്ക്ക് അര കപ്പ് പഞ്ചസാരയും വെള്ളവും ചേർത്തിളക്കുക. നന്നായി തിളപ്പിച്ചെടുക്കുക.

ഇത് നൂൽ പരുവത്തിലാക്കണം. ഇതിലേയ്ക്ക് ജലാറ്റിൻ കുതിർത്തത് ചേർത്ത് നന്നായി യോജിപ്പിക്കുക. അഞ്ച് മിനിറ്റിന് ശേഷം ചെറു ചൂടോടെ ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് ഒഴിക്കുക. ഒരു ഹാന്റ് ബ്ലെന്റർ ഉപയോഗിച്ച് നന്നായി പതപ്പിച്ച് എടുക്കുക. ആദ്യം മീഡിയം സ്പീഡിലാരംഭിക്കുക. തുടർന്ന് ഹൈസ്പീഡിലാക്കുക. ബ്ലേഡുകൾ പുറത്തെടുക്കുമ്പോൾ റിബൺ പരുവമാവണം. ഇതിലേയ്ക്ക് ഒരു സ്പൂൺ വാനില എസ്സൻസ് കൂടി ചേർത്ത് കൊടുക്കുക.

ഈ മിശ്രിതത്തിന്റെ പകുതി മൗൾഡിലേയ്ക്ക് ഒഴിക്കുക. ബാക്കി പകുതിയിൽ നിങ്ങൾക്കിഷ്ടമുള്ള ഫുഡ് കളർ ചേർക്കാവുന്നതാണ്.  കളർ ചേർത്ത് നന്നായി ഇളക്കി ആദ്യം ഒഴിച്ചതിനു മുകളിലേയ്ക്ക് വീണ്ടും ഒഴിക്കുക. നേരത്തെ ഉപയോഗിച്ച് ബാക്കിയുള്ള പൊടി മൗൾഡിനു മുകളിൽ ഇട്ടുകൊടുക്കുക. ഇത് സെറ്റാവാൻ വേണ്ടി നാല് മണിക്കൂർ വയ്ക്കുക. ഫ്രഡ്ജിൽ വെക്കണമെങ്കിൽ അതാകാം. നാല് മണിക്കൂറിന് ശേഷം മൗൾഡിൽ നിന്ന് പുറത്തെടുത്ത് നിങ്ങൾക്കിഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മാഷ്‌മെല്ലോ ഇനി വീട്ടിൽ തന്നെ നിങ്ങൾക്കും ഉണ്ടാക്കാം.