വീട്ടിലെ കറണ്ട് ബില്ല് കൂടുന്നുണ്ടോ? ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ ഭീമമായ വൈദ്യുതി ബിൽ ലാഭിക്കാം.!!!

Updated: Monday, September 7, 2020, 12:29 [IST]

വീട്ടിലെ കറണ്ട് ബിൽ കണ്ട് പലപ്പോഴും നിങ്ങളുടെ കണ്ണുകൾ തള്ളിയിട്ടുണ്ടാകുമല്ലേ? എത്ര ശ്രദ്ധിച്ചുപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിച്ചാലും ചില നേരം അശ്രദ്ധകൊണ്ട് അത് പാഴായി പോകാൻ സാധ്യതയുണ്ട്. ഉപയോഗം കഴിഞ്ഞ ഫാനും ലൈറ്റും ഓഫാക്കാൻ മടിയുള്ള ചില വിരുതന്മാരും മിക്ക വീടുകളിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുതിച്ചു കയറുന്ന കറണ്ട് ബിൽ കുറയ്ക്കാൻ സാധിക്കും. വീട്ടിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വൈദ്യുതി ബിൽ കുറയ്ക്കാം. വീട്ടിൽ പതിനഞ്ച് വാട്ട്‌സിന്റെ സി.എഫ്.എൽ ലൈറ്റ് അല്ലെങ്കിൽ അറുപത് വാട്ടിന്റെ ഫാൻ ഇങ്ങനെ നിരവധി വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്.

 

അങ്ങനെ വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് ആയിരം വാട്ട്‌സിലെത്തിയാൽ അത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോഴാണ് അത് ഒരു യൂണിറ്റായി മാറ്ററിൽ റീഡ് ചെയ്യുന്നു. ഇത്രത്തിൽ പല ഉപകരണങ്ങളും മണിക്കൂറുകൾ പ്രവർത്തിക്കുമ്പോൾ കറണ്ട് ബിൽ കൂടാൻ കാരണമാവുന്നു. നമ്മുടെ വീടുകളിലെ ബൾബുകളും, സി.എഫ്.എൽ ലൈറ്റുകളും, ട്യൂബ് ലൈറ്റുകളും ഉണ്ടെങ്കിൽ അത് മാറ്റി എൽ.ഇ.ഡി ലൈറ്റുകളും, ട്യൂബുകളും ആക്കാൻ ശ്രദ്ധിക്കുക. ഒരു ട്യൂബ് ലൈറ്റ് നാൽപത് വാട്ട്‌സ് ചിലവാക്കുമ്പോൾ അത്രയും പ്രകാശം ലനൽകുന്ന എൽ.ഇ.ഡി ബൾബ് വെറും ഒൻപത് വാട്ട്‌സ് മാത്രമാണ് ചിലവാക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഒരു വീട്ടിലെ വളരെ പ്രധാനപ്പെട്ടഉപകരണമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനുള്ളിലെ തർമോസ്റ്റാറ്റ് സ്വിച്ച് ശ്രദ്ധിക്കുക.ഇത് ഉയർന്ന താപനില ഉള്ള പ്രദേശങ്ങളിൽ നമ്പർ മൂന്നില്ഡ സെറ്റ് ചെയ്യുക. സാധാരണ താപനിലയുള്ള പ്രദേശങ്ങളിൽ നമ്പർ രണ്ട് സെറ്റ് ചെയ്യുക. ഫ്രിഡ്ജ് പരമാവധി തുറന്നിടാതിരിക്കാൻ ശ്രദ്ധിക്കുക. 

 

കൂടുതൽ തവണ തുറക്കുമ്പോൾ അത് ഊർജ്ജ നഷ്ടത്തിനനു കാരണമാകും. എയർകണ്ടീഷനുകളും ഇതുപോലെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എ.സി.യുടെ തർമോസ്റ്റാറ്റ് 26 ഡിഗ്രിയിൽ സെറ്റ് ചെയ്യുവാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ എ.സി. ടി.വി, എന്നിവ റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്ത ശേഷം അത്യാവശ്യമായും പവർസ്വിച്ച് ഓഫാക്കാൻ മറക്കരുത്. മൊബൈൽ ഫോൺ ചാർജ്ജ് ചെയ്തു കഴിഞ്ഞാൽ ചാർജ്ജർ സോക്കറ്റിൽ തന്നെ വയ്ക്കുന്നവരാണ് നാം. ഈ പ്രവണത ഒഴിവാക്കുക. വീട്ടിൽ വളരെയധികം വൈദ്യുതി ചിലവാക്കുന്ന ഒന്നാണ് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ. മോട്ടർ ഓൺചെയ്തു കഴിഞ്ഞാൽ ടാങ്ക് മുഴുവനായും നിറഞ്ഞു എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഓഫ് ചെയ്യാന് പാടുള്ളൂ. ഇടയ്ക്കിടെ മോട്ടർ ഓൺ ചെയ്താൽ അത്  വൈദ്യുതി നഷ്ടം ഉണ്ടാക്കും. അതുപോലെ അനാവശ്യമായി വെള്ളം തുറന്ന് കളയുന്നു ശീലം പലർക്കുമുണ്ട്. ഇത് പൂർണ്ണമായും ഒഴിവാക്കിയേ മതിയാകൂ... ഇത്രത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ വീട്ടിലെ വൈദ്യുതി ബിൽ ഒരുപരിധി വരെ കുറയ്ക്കാൻ എല്ലാവർക്കും സാധിക്കും.