കാശു കൊടുത്ത് വോട്ടു വാങ്ങേലോ? കാശു കൊടുക്കാന്‍ വന്ന ഒരാളെപോലും പിടികൂടാനായില്ല, നടന് സലിം കുമാര്‍ പറയുന്നു
Updated: Monday, November 16, 2020, 10:57 [IST]

വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ ആദ്യകാല തിരഞ്ഞെടുപ്പ് അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ച് നടന് സലിം കുമാര്‍. കാശു കൊടുത്ത് വോട്ടു വാങ്ങാനെത്തുന്നവരെ പിടിക്കാന്‍ ശ്രമിച്ച അനുഭവങ്ങളും സലിംകുമാര്‍ പങ്കുവെച്ചു. അക്കാലത്ത് നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അനൗണ്‍സറായി പോകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സലിംകുമാറിന്റെ വാക്കുകളിലേക്ക്... പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ക്വാഡ് വര്‍ക്കിന് ഇറങ്ങിയിട്ടുണ്ട്. എതിര് പാര്ട്ടിക്കാര് കാശു കൊടുത്തു വോട്ടു വിലയ്ക്കു വാങ്ങാന്‍ ചില കോളനികളില്‍ എത്തുമെന്നു പറഞ്ഞ് ഞങ്ങളെ ചിലര്‍ ചട്ടം കെട്ടും. കാശു കൊടുത്തു വോട്ടു വാങ്ങലോ? സമ്മതിക്കില്ലെന്ന വാശിയോടെ ഞങ്ങള്‍ പല രാത്രികളിലും ഉറക്കമൊഴിച്ചു കാത്തിരുന്നിട്ടുണ്ട്. പക്ഷേ, ഉറക്കം പോയതല്ലാതെ കാശു കൊടുക്കാന്‍ വന്ന ഒരാളെപ്പോലും പിടികൂടാനായിട്ടില്ല.

എന്റെ നാടായ ചിറ്റാറ്റുകര ഒരുകാലത്ത് ഇടതു കോട്ടയായിരുന്നു. ഇത്ര വോട്ടിനു ജയിക്കുമെന്ന് അവര്‍ കണക്കു കൂട്ടിയാല്‍ അങ്ങനെ തന്നെ സംഭവിക്കും. ഇപ്പോഴത്തെ കണക്കുകൂട്ടലൊക്കെ എപ്പോള്‍ വേണമെങ്കിലും തെറ്റാം! അക്കാലത്തു നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ അനൗണ്‍സറായി പോകുമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അനൗണ്‍സ്മെന്റ് നടത്താറില്ല. ഇടതു കോട്ട ആയതിനാല്‍ ജയസാധ്യത കുറവാണ് എന്നു നേരത്തെ അറിയാവുന്നതു കൊണ്ടാകാം അനൗണ്‍സ്മെന്റ് ഒന്നും നടത്താതിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആവേശമേറെ. പക്ഷേ, പ്രാദേശികമായി കൂടുതല്‍ തന്ത്രങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്.
ചിറ്റാറ്റുകരയില്‍ ആദ്യം 10 വാര്‍ഡ് ആയിരുന്നു. പത്തും എല്‍ഡിഎഫ് നേടുന്നതായിരുന്നു പതിവ്. പതിയെ പതിയെ ഒന്നും രണ്ടുമൊക്കെ നേടിയാണു കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് ഭരണം പിടിച്ചത്. പണ്ട് 5-ാം വാര്‍ഡായിരുന്നു ഞങ്ങളുടെ. ഇപ്പോള്‍ 13. ഈ വാര്‍ഡില്‍ ഒരു തവണ മാത്രമാണു യുഡിഎഫ് ജയിച്ചത്. ആണ്ടി പാപ്പന് എന്നറിയപ്പെട്ടിരുന്ന പി.എ.ആണ്ടി. അതു ഞാന്‍ ജനിക്കുന്നതിനു മുന്‍പാണ്. ആണ്ടി പാപ്പന്റെ ജയത്തിനു പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്.
ഒരു തവണ അദ്ദേഹം വോട്ട് എണ്ണുന്നതിനു മുന്‍പു ജയിച്ചു; ഒരു തവണ വോട്ട് എണ്ണിക്കഴിഞ്ഞും. പണ്ടൊക്കെ വോട്ടു ചെയ്തു വരുന്നവര്‍ക്കു ചായ കൊടുക്കുന്ന പതിവുണ്ടായിരുന്നു. രണ്ടു പാര്‍ട്ടിക്കാര്‍ക്കും ചായക്കട പോലെ കൗണ്ടര്‍ ഉണ്ടായിരിക്കും. എല്‍ഡിഎഫിന്റെ കൗണ്ടറില്‍ ചായക്കൊപ്പം ഉണ്ടയാണു മിക്കവാറും ഉണ്ടാകുക. യുഡിഎഫ് കൗണ്ടറില്‍ ഉപ്പുമാവും കടലയും പുട്ടും കടലയുമൊക്കെ. ആണ്ടി പാപ്പന് സ്ഥാനാര്‍ഥി ആയപ്പോള്‍ അപ്പവും കടലയുമായിരുന്നു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ ആളുകള്‍ കഴിച്ച അപ്പത്തിന്റെ കണക്കെടുത്തു. പ്രതീക്ഷിച്ചതിലും 40 അപ്പം കൂടുതല്‍. അതോടെ ജയം ഉറപ്പിച്ചു കോണ്‍ഗ്രസുകള്‍ പ്രകടനം നടത്തി. പക്ഷേ, സംഭവിച്ചതു മറിച്ചാണ്. ഫലം വന്നപ്പോള്‍ ആണ്ടി പാപ്പന് തോറ്റു. ആണ്ടി പാപ്പന്റെ അപ്പം കഴിച്ചവര്‍ എതിര് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തുവെന്നു ചുരുക്കം! അടുത്ത തിരഞ്ഞെടുപ്പില്‍ പാപ്പന് ജയിച്ചു. ഈ ചായ കൊടുക്കുന്നതൊക്കെ ഒരു ഉത്സവമായിരുന്നു. അതിപ്പോഴും വേണമെന്നാണ് എന്റെ പക്ഷം.