ക്ഷമ ചോദിച്ച് ബോബി ചെമ്മണ്ണൂര്‍, ദേഷ്യം തോന്നരുത്

Updated: Thursday, February 4, 2021, 19:23 [IST]

ക്ഷമ ചോദിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തി. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോബി ഫാന്‍സ് ആപ്പിലൂടെ ദിവസേന നൂറുകണക്കിന് പേരാണ് സഹായം ചോദിക്കുന്നത്. ആപ്പിലൂടെ അല്ലാതെയും സ്ഥാപനത്തിലൂടെയും മറ്റും ദിവസേന ആയിരക്കണക്കിന് സഹായങ്ങള്‍ എത്തുന്നുണ്ടെന്ന് പറഞ്ഞാണ് ബോബി ചെമ്മണ്ണൂര്‍ എത്തിയത്.

ഞാനൊരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിഷമം തോന്നരുതെന്ന് പറഞ്ഞാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോയിലെത്തിയത്. ദിവസവും എത്തുന്ന ഈ ആയിരം പേര്‍ക്ക് കൊടുക്കാനുള്ള പണവും സഹായവും തന്റെ കൈയ്യില്‍ ഇല്ലായെന്നാണ് ബോബി വ്യക്തമാക്കുന്നത്.

സന്തോഷത്തോടുകൂടി എന്റെ ലാഭവിഹിതമാണ് ഞാന്‍ പങ്കിടുന്നത്. തനിക്ക് പറ്റാവുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍, പലര്‍ക്കും അവര്‍ ഉദ്ദേശിച്ച സമയത്ത് സഹായം ലഭിക്കണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് തന്നോട് ദേഷ്യം തോന്നരുതെന്നും മനപൂര്‍വ്വമല്ല അങ്ങനെ ഉണ്ടാകുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറയുകയാണ്.

എന്നും ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ആപ്പിലൂടെ നമുക്ക് എന്നും ബന്ധപ്പെടാമെന്നും ബോബി പറയുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം എന്ന ക്യാപ്ഷനോടു കൂടിയാണ് ബോബി സഹായങ്ങള്‍ എത്തിക്കുന്നത്. 

അതസേമയം, കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടം നേടിയിരുന്നെന്ന് ബോബി പറയുകയുണ്ടായി. പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

 

പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തി. എന്നാല്‍ പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്‌കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതിങ്ങനെ..

 

പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.

 

പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.''

തന്റെ ജീവിതം സിനിമയാക്കാന്‍ ഒരു പ്രവാസി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില്‍ പറയുകയുണ്ടായി. ലണ്ടനിലെ ബിസിനസുകാരനാണത്. ആലോചിച്ചിട്ട് പറയാമെന്നാണ് പറഞ്ഞതെന്നും ബോബി വ്യക്തമാക്കി.