നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് ഹര്‍ജി

Updated: Thursday, February 25, 2021, 14:51 [IST]

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി അന്വേഷണം നേരിടുന്ന നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്. 

സാക്ഷികളെ ഭീഷണിപ്പെടുത്തി, സ്വാധീനിക്കാന്‍ ശ്രമിച്ചു, മൊഴികള്‍ അനുകൂലമാക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നല്‍കിയിരുന്നത്. പുതിയ പ്രോസിക്യൂട്ടറും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ദിലീപിന് ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരുന്നത്. അതില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ലംഘിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപിച്ചത്.

 

85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഏഴ് ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരുന്നത്. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, രണ്ട് പേര്‍ ജാമ്യം നല്‍കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം,ഇരയായ നടിക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തരുത്, മാധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണം,അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്തരുത് എന്നിവയായിരുന്നു കോടതി നല്‍കിയ നിര്‍ദേശങ്ങള്‍.

 

എന്നാല്‍, ഇതില്‍ സാക്ഷികളെ പലപ്പോഴും ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. മൊഴി മാറ്റിപറയണമെന്ന് മകള്‍ മീനാക്ഷി വഴി ദിലീപ് തന്നോട് ആവശ്യപ്പെട്ടെന്ന് ആദ്യഭാര്യ മഞ്ജുവാര്യര്‍ കോടതിയെ അറിയിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. നടി ഭാമയും ബിന്ദുപണിക്കരും ആദ്യം നല്‍കിയ മൊഴി മാറ്റിയിരുന്നു.