മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ജി സുരേഷ് കുമാര്‍
Updated: Saturday, January 30, 2021, 14:12 [IST]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്തതിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ച് വിതരണം ചെയ്തതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. പുരസ്ക്കാരങ്ങള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് പറയുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുഖ്യമന്ത്രിക്ക് ഗ്ലൗസ് ഇട്ട് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇതെന്നും അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദമെന്നും സുരേഷ് കുമാര്‍ പ്രതികരിക്കുന്നു.

മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ ഇങ്ങനെ അപമാനിക്കേണ്ടായിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാനുള്ള തന്റേടം ആര്‍ക്കും ഇല്ലാതായി പോയി. 2018ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പത്തെണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരില്‍ ചടങ്ങു ബഹിഷ്കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളതെന്നും സുരേഷ്കുമാര്‍ പറഞ്ഞു.

ജെ.സി. ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. അവാര്‍ഡ് വാങ്ങാനായി സംവിധായകന് ഹരിഹരന് എത്താതിരുന്നതും ഇക്കണക്കിന് നന്നായി എന്നേ പറയാനുള്ളൂവെന്നും സുരേഷ് കുമാര്‍ പറയുന്നു. സ്റ്റാംപ് പ്രകാശനവും അവാര്‍ഡ് സ്മരണിക പ്രകാശനവും നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി. ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ തോന്നാതിരുന്നതു കഷ്ടമാണെന്നും സുരേഷ്കുമാര്‍ പ്രതികരിച്ചു.