റമ്മി ഗെയിം പണി പാളി: നടന്‍ അജു വര്‍ഗീസിനും തമന്നയ്ക്കും വിരാട് കൊഹ്ലിക്കും ഹൈക്കോടതി നോട്ടീസ്

Updated: Wednesday, January 27, 2021, 18:04 [IST]

ലോക്ഡൗണ്‍ സമയത്താണ് റമ്മി ഗെയിം തകര്‍ത്തു വാണത്. ഇതിനിടെ റമ്മി കളിക്കൂ പണം നേടൂ എന്ന പരസ്യവുമായി താരങ്ങളെത്തിയതും ആളുകളെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. താരങ്ങളെവെച്ച് പരസ്യം എടുത്തപ്പോഴേക്കും റമ്മി ഗെയിം വളര്‍ന്നു പന്തലിച്ചുവെന്ന് പറയാം. എന്നാല്‍, റമ്മി കളിച്ച് പണം നഷ്ടപ്പെട്ടവര്‍ നിരവധി പേര്‍ രംഗത്തുവന്നപ്പോഴാണ് പണി പാളിയത്.

റമ്മി ഗെയിം കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത വാര്‍ത്തയും എത്തിയിരുന്നു. ഇതോടെ താരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉണ്ടായി. ഓണ്‍ലൈന്‍ റമ്മി കേസില്‍ കേരള ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായിരിക്കുന്നു. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടത് നോട്ടീസ് അയച്ചു.

 

ക്രിക്കറ്റ് താരം വിരാട് കൊഹ്ലി, സിനിമാ താരങ്ങളായ തമന്ന, മലയാളത്തില്‍ നിന്ന് അജു വര്‍ഗീസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. 

 

ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടം സംഭവിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 21 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ വിനീത് ആത്മഹത്യ ചെയ്തത്. ലോക് ഡൗണ്‍ കാലത്താണ് വിനീത് ഓണ്‍ലൈന്‍ റമ്മിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. കടം വാങ്ങിയും ഓണ്‍ലൈന്‍ റമ്മി കളിച്ചതായാണ് പുറത്ത് വന്ന വിവരം.