ബിഗ് ബോസ് താരവും നടിയുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു, ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

Updated: Monday, January 25, 2021, 16:42 [IST]

കന്നട നടിയും മുന്‍ ബിഗ് ബോസ് താരവുമായിരുന്ന ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. ഫേസ്ബുക്കില്‍ മരിക്കാന്‍ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചതിനുശേഷമാണ് താരം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയ്തത്. വിഷാദ രോഗത്തിന് നടി ചികിത്സയില്‍ ആയിരുന്നു. കോവിഡ് കാലത്ത് സിനിമകള്‍ കുറഞ്ഞതും കുടുംബ പ്രശ്‌നങ്ങളും ജയശ്രീയെ അലട്ടിയിരുന്നുവെന്നാണ് പറയുന്നത്.

ബിഗ് ബോസ് സീസണ്‍ 3 ല്‍ ജയശ്രീ ഉണ്ടായിരുന്നു. ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ ആരാധകരും സുഹൃത്തുക്കളും അഭ്യര്‍ത്ഥനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ എനിക്കിപ്പോള്‍ കുഴപ്പമില്ല, സുരക്ഷിതയായി ഇരിക്കുന്നു, സ്‌നേഹം എന്ന പോസ്റ്റും ജയശ്രീയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഒടുവില്‍ ജയശ്രീ ആത്മഹത്യ ചെയ്യാന്‍ തന്നെ തീരുമാനിക്കുക ആയിരുന്നു.

 

മഗഡി റോഡിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉപ്പു ഹുലി ഖാരയാണ് ആദ്യ ചിത്രം.

Advertisement

 

നടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൂടുതല്‍ വിശദാംശങ്ങളും പുറത്തു വന്നിട്ടില്ല. ജുലൈ 25 ന് സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ജയശ്രീ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇത് തുറന്നു പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഡിപ്രഷനുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് താന്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവില്‍ പറഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്നും ലൈവില്‍ ജയശ്രീ വ്യക്തമാക്കിയിരുന്നു.

Advertisement

വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ തനിക്കില്ല. പക്ഷേ വിഷാദരോഗത്തിന് അടിമയാണ്. കുട്ടിക്കാലം മുതല്‍ താന്‍ വഞ്ചിക്കപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നും പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.

 

Latest Articles