കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കും. ആയിരങ്ങളെ സംഘടിപ്പിച്ച് ഇനിയും സമരം നടത്തും : നിലപാടില്‍ ഉറച്ച് ബിജെപി

Updated: Saturday, July 11, 2020, 16:31 [IST]

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇനിയും സമരം നടത്തുമെന്ന് ബിജെപി അറിയിച്ചു. ആയിരകണക്കിന് ആളുകളെ സമരത്തിനായി സംഘടിപ്പിക്കുമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുമെന്നാണ് വെല്ലുവിളി.

     മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിലും, കണ്ണൂര്‍ പിണറായിയിലെ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായിരുന്നു. പോലീസ് ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.  

     സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരുടെ നെടുമങ്ങാടിലുള്ള സ്ഥാപനത്തിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. ജില്ലാ കേന്ദ്രങ്ങളിലേക്കും യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. കോഴിക്കോട് കളക്ട്രേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു.