മദ്യപിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും കേട്ടില്ല, സോമദാസിന്റെ അവസാന നാളുകളിങ്ങനെ

Updated: Monday, February 1, 2021, 10:16 [IST]

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ എത്തിയ ഗായകന്‍ സോമദാസിന്റെ വേര്‍പാട് ഒരു നടുക്കോത്തോടെയാണ് മലയാളികള്‍ കേട്ടത്. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായും സോമദാസ് എത്തിയിരുന്നു. പിന്നീട് കേട്ടത് അസുഖം ഭാദിച്ച് ചികിത്സയിലാണെന്നാണ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ഉണ്ടായത്. 

കൊവിഡ്  ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

അടുത്തിടെ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. തുടര്‍ന്ന്  കൊറന്റീനില്‍ പ്രവേശിക്കുകയും ആശുപത്രിയിലാകുകയുമായിരുന്നു. മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് നില കൂടുതല്‍ സങ്കീര്‍ണമാക്കിയതായും സംശയമുണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് കരളിന്റെ ആരോഗ്യത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബോസിലുള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് സോമദാസ് ഷോയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിരുന്നു. മക്കളുടെ വിശേഷങ്ങളാണ് സോമദാസ് ബിഗ് ബോസില്‍ കൂടുതല്‍ സമയവും പറഞ്ഞിരുന്നത്. നാല് മക്കളാണ് താരത്തിനുള്ളത്. എന്നാല്‍ സോമദാസിന്റെ വിവാഹ ജീവിതം അത്ര സുഖകരവുമല്ലായിരുന്നു. ഭാര്യയുമായി വേര്‍പിമരിഞ്ഞു താമസിക്കുകയാണെന്നുള്ള കാര്യം സോമദാസ് ബിഗ് ബോസിലൂടെ പറഞ്ഞിരുന്നു. 

മരിക്കുന്നതിനുമുന്‍പ് സ്റ്റാര്‍ മാജിക്കിന്റെ ഷോയിലും സോമദാസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഞെട്ടലോടെയാണ് അവതാരക ആര്യയും മറ്റ് സഹപ്രവര്‍ത്തകരും മരണവാര്‍ത്ത കേട്ടത്. ആരെയും ഉപദ്രവിക്കാത്ത പ്രകൃതവും വളരെ സാധുവുമായിരുന്നു സോമു എന്നാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ മരണവാര്‍ത്തയോട് പ്രതികരിച്ചത്.

2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍ മണിയുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ പിന്നണി ഗായകനിലേക്ക് വളര്‍ത്തിയെടുത്തു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‌ഫെ്ക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.