മുലക്കണ്ണുകള്‍ കാട്ടി നില്ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത് എന്തുകൊണ്ട്? പരാതിയുമായി അഭിഭാഷക
Updated: Tuesday, February 9, 2021, 10:41 [IST]

ഷര്‍ട്ട് ധരിക്കാതെ ഫോട്ടോഷൂട്ട് നടത്തിയ നടന് പൃഥ്വിരാജിനെതിരെ പരാതിയുമായി സുപ്രീംകോടതി അഭിഭാഷക. ബീച്ചില്‍ നിന്നുള്ള ഫോട്ടോയാണ് പൃഥ്വിരാജിന്റേതായി വൈറലായത്. സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രനെ പലര്‍ക്കും പരിചിതമാണ്. സാമൂഹിക വിഷയങ്ങളില്‍ മിക്ക വാര്‍ത്താ ചാനലിലും ചര്‍ച്ചയ്ക്ക് രശ്മിതയെ കാണാറുണ്ട്. രൂക്ഷ വിമര്‍ശനവുമായിട്ടാണ് രശ്മിത രംഗത്തെത്തിയത്.

രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്റ് ചെയ്യിപ്പിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീര്‍ത്ത് തരണമെന്ന് പറഞ്ഞു കൊണ്ടാണ് രശ്മിതയുടെ പോസ്റ്റ് തുടങ്ങുന്നത്. രഹ്ന ഫാത്തിമയ്ക്ക് എതിരെ നടപടിയെടുത്തതിനെ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. അവര്‍ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പൃഥ്വിരാജിന് ഉള്ളതെന്ന് ഇവര്‍ ചോദിക്കുന്നു.

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന് സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി. അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്. നഗ്നത പെയ്ന്റുകൊണ്ട് മറച്ച് പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണെന്നും രശ്മിത പറയുന്നു.

ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്ക്കുന്ന പൃഥ്വിരാജിന് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം. കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്ന ചിത്രത്തിന് കാരണമായവര്ക്കെലതിരെ - രഹ്നാ ഫാത്തിമയുടെ നഗ്നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും - കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്നും രശ്മിത അഭ്യര്‍ത്ഥിക്കുന്നുണ്ട്.

സ്ത്രീകള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോള്‍ അതിനു താഴെ വന്ന് മോശം കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെയാണ് രശ്മിതയുടെ വിമര്‍ശനം. ഏതെങ്കിലും നടിമാര്‍ ഗ്ലാമറസ് വസ്ത്രം ധരിച്ചാല്‍ നടിയെ സംസ്കാരം പഠിപ്പിക്കുക, നടിയുടെ വീട്ടുകാരെ പുലഭ്യം പറയുക ഇതെല്ലാമാണ് നടന്നുവരുന്നത്. കേട്ടല്‍ അറയ്ക്കുന്ന ഭാഷയില്‍ ആണ് കമന്റുകള്‍. രശ്മിതയുടെ ആരോപണത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്താവുന്നതാണ്.