ഇനി കളി ബിഗ് സ്‌ക്രീനില്‍: ടെന്നിസ് താരം സാനിയ മിര്‍സ സിനിമയിലേക്ക്

Updated: Thursday, November 19, 2020, 12:33 [IST]

കളിക്കളത്തില്‍ നിന്നും അഭിനയ ജീവിതത്തിലേക്ക്. സിനിമയില്‍ ആദ്യ ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ക്ഷയരോഗത്തിനെതിരെയുള്ള ചിത്രത്തിലാണ് സാനിയ അഭിനയിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വെബ്‌സീരീസായിരിക്കും ഇത്.

 

എംടിവി നിഷേധ് എലോണ്‍ ടുഗെതര്‍ എന്നാണ് വെബ് സീരീസിന് പേരിട്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയം. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണെന്ന് സാനിയ മിര്‍സ പറയുന്നു.

 

അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസാണ് ചിത്രീകരിക്കുക. ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് വിവരം. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്‌റന്‍ എന്നിവരും സീരീസില്‍ അഭിനയിക്കുന്നുണ്ട്.